Movie News

നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും ഉൾപ്പെടുത്തി ‘പ്രേമലു’വിന്റെ തിരക്കഥ പുസ്തകമായി ഇറങ്ങുന്നു

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ രാജമൗലിയുടെ മകൻ എസ്‌ എസ്‌ കാർത്തികേയനാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരങ്ങളാണ് പ്രേമലുവിന് ലഭിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഗിരീഷ് എ ഡി അറിയിച്ചിരുന്നു. പ്രേമലു തിരക്കഥ പുസ്തകമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. മാൻകൈൻഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തും. ജൂൺ അഞ്ചു മുതൽ ലഭ്യമാക്കുകയും ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.

നസ്ലിനും മമിതാ ബൈജുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ആഗോളവതലത്തിൽ 100 കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു.