വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് ലെവിയാണ് 2011-ൽ പോപ്കോൺ ബ്രെയിൻ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. മതിയായ ശ്രദ്ധകൊടുക്കാൻ കഴിയാത്തതുമൂലം ഒരുകാര്യത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രീതിയിൽ മനസ്സ് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. ഈ പേരിന് പിന്നിലും ഒരു കാരണമുണ്ട്. ചൂടാക്കുമ്പോൾ പോപ്കോൺ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് എന്നതു കണക്കാക്കിയാണിത്.
ഓൺലൈനിൽ എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്കോൺ ബ്രെയിനിനുമുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്.
ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോഗം മസ്തിഷ്കത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റമുണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഓരോ തവണ സാമൂഹികമാധ്യമം ഉപയോഗിക്കുമ്പോഴും അവനവന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വിവരങ്ങളാണ് ലഭ്യമാകാറുള്ളത്. ഇത് അവയിൽ തന്നെ തുടരാനുള്ള താൽപര്യം വർധിപ്പിക്കും. ചെയ്യുന്ന ഒരു ജോലിയിലും പൂർണശ്രദ്ധ കേന്ദ്രീകരിക്കാതെ ചെറിയ സന്തോഷങ്ങൾക്കായി സാമൂഹികമാധ്യമത്തിൽ അടിമപ്പെടുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിൽ അവയിൽ തുടരുകയും ചെയ്യും.
കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ആളുകളുടെ കഴിവ് കുറഞ്ഞുവരികയാണെന്നും അതിനുപിന്നിൽ സാമൂഹികമാധ്യമത്തിന്റെ അമിതോപയോഗമാണെന്നും 2019-ൽ നേച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. എത്ര തിരക്കിട്ട ജോലിക്കിടയിലും സ്ക്രീനിൽ കാണുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കാൻ തോന്നുന്നതിനു പിന്നിൽ പോപ്കോൺ ബ്രെയിൻ എന്ന അവസ്ഥയാണ്.
ഓൺലൈനിൽ സ്ഥിരമായുണ്ടാകണമെന്ന സമ്മർദവും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുമെല്ലാം ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. ശ്രദ്ധ നഷ്ടപ്പെടുന്നതുമൂലം ഉത്പാദനക്ഷമതയേയും ബാധിക്കും.
പോപ്കോൺ ബ്രെയിനിന്റെ ലക്ഷണങ്ങൾ
- ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ ഇടയ്ക്കിടെ നോട്ടിഫിക്കേഷനുകളും സാമൂഹികമാധ്യമവും പരിശോധിക്കുക.
- ചെറിയ കാര്യം ചെയ്തുതീർക്കാൻ പോലും വേണ്ട ശ്രദ്ധ കിട്ടാതിരിക്കുക.
- സാമൂഹികമാധ്യമത്തിലെ ഇടപെടലുകളിലൂടെ ആത്മപരിശോധന നടത്തുക.
- പലകാര്യങ്ങൾ ഒരേസമയം ചെയ്യുന്നതുമൂലം ഒന്നുപോലും ചെയ്തുപൂർത്തിയാക്കാൻ കഴിയാതിരിക്കുകയും സമ്മർദം അനുഭവപ്പെടുകയും ചെയ്യുക.
പോപ്കോൺ ബ്രെയിൻ പരിഹരിക്കാനുള്ള മാർഗങ്ങൾ
- ഫോണും കമ്പ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക. അവയുടെ ഉപയോഗം ഇത്ര സമയത്തിനുള്ളിൽ നിർത്തണമെന്നു തീരുമാനിക്കുകയും മസ്തിഷ്കത്തിന് വിശ്രമിക്കാനുള്ള അവസരം നൽകുകയും ചെയ്യുക.
- ഒരുസമയം ഒരുകാര്യം മാത്രം ചെയ്യുമെന്നു തീരുമാനിക്കുക. അതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ഓൺലൈനിൽ ചെയ്യുന്ന ജോലികളായാൽപ്പോലും ഒരുസമയം ഒന്നെന്ന രീതിയിൽ ചെയ്തുതീർക്കുക. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കും.
- പ്രകൃതിയുമായി അടുത്തിടപഴകുന്നതും പോപ്കോൺ ബ്രെയിൻ മൂലമുള്ള സമ്മർദം ഇല്ലാതാക്കി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.
- സ്ക്രീനിൽ നിന്നു വിട്ടുമാറി വായന, കല, വ്യായാമം പോലെ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ഏർപ്പെടുക.
- ഓൺലൈനിൽ ഇരിക്കുന്ന സമയത്തിന്റെ കാര്യത്തിൽ കൃത്യമായ ചിട്ട പുലർത്തുക.