തൃശ്ശൂര്‍: കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു കയറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒച്ചിഴയും വേഗത്തില്‍ നിര്‍മ്മാണം നടന്നിരുന്ന ഈ റോഡിന്റെ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് തൃശ്ശൂരിന്റെ ഹൃദയം പിളര്‍ത്തുന്ന തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ ഫണ്ടും നല്‍കിക്കഴിഞ്ഞു. എന്നാല്‍, നിര്‍മ്മാണം മാത്രം പൂര്‍ത്തിയായില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ തന്നെ റദ്ദാക്കിയിരിക്കുന്നത്. ഇതിന്റെ ഉത്തരവ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറുന്നതോടെ മരാമത്ത് വകുപ്പില്‍ നിന്നും ഇറങ്ങുമെന്നാണ് അറിയുന്നത്.
ഇതോടെ പാതിവഴിയില്‍ അവസാനിച്ച റോഡ് നിര്‍മ്മാണം ഇനിയുണ്ടാകുമോ എന്ന സംശയത്തിലാണ് തൃശൂരുകാര്‍. മൂന്നുവര്‍ഷം മുമ്പ് പദ്ധതിക്ക് വേണ്ടി 229 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടും, എന്തു കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. ഇഴഞ്ഞു നീങ്ങിയ ജോലി വേഗത്തിലാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നുത്.
നിരവധി തവണ ഈ പദ്ധതിയുടെ കോണ്‍ട്രാക്ട് നീട്ടി നല്‍കിയെങ്കിലും ഇതിന്റെ പ്രവൃത്തികള്‍ ഒരിഞ്ചുപോലും നീങ്ങിയില്ല. കഴിഞ്ഞ ഡിസംബറില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴും 25 ശതമാനം ജോലി മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതോടെയാണ് കരാര്‍ റദ്ദാക്കിയത്.
പാതയുമായി ബന്ധപ്പെട്ട എം.എല്‍.എമാരുടെ വീഴ്ചയും ഇതിന് ഇടയാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. കേന്ദ്ര ഗ്യാരണ്ടിയില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പണം നല്‍കിയ പദ്ധതി കുന്നംകുളത്തിന് അടുത്ത് കല്ലുംപുറം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള റോഡ് ആണിത്. വീതി കൂട്ടി നിര്‍മ്മിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം എടുത്തു കൊടുത്തില്ല. ഇതോടെ നിലവിലുള്ള റോഡ് തന്നെ കോണ്‍ക്രീറ്റ് ചെയ്തു മികച്ച രീതിയില്‍ ടാര്‍ ചെയ്തു നന്നാക്കാന്‍ തീരുമാനിച്ചു.
പണം നഷ്ടപ്പെടും എന്നു വന്നതോടെയാണ് നിലവിലുള്ള റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. സ്ഥലം എടുത്ത് നല്‍കാനായി പലതവണ പൊതുമരാമത്ത് ആവശ്യപ്പെട്ടിട്ടും റവന്യൂ വകുപ്പ് തയ്യാറായില്ല. ധന വിഭാഗം ഫണ്ട് അനുവദിക്കാത്തതായിരുന്നു ഒരു പ്രശ്‌നം. നിര്‍മ്മാണം വൈകിയിട്ടും പൊതുമരാമത്ത് വകുപ്പ് പരിഹാര നടപടി എടുത്തില്ല. ഇതോടെ നിര്‍മ്മാണം പലയിടത്തും ഉപേക്ഷിച്ച അവസ്ഥയിലായി. ചിലയിടത്ത് ഇഴിഞ്ഞു നീങ്ങുകയും ചെയ്തു.പാതി നിലച്ച പലയിടത്തും ഈ മഴയില്‍ വെള്ളം കയറും.
കാരണം പലയിടത്തും കാനകള്‍ അടച്ചാണ് നിര്‍മ്മാണം നടത്തിയിരുന്നത് ഇനി റീടെണ്ടര്‍ ചെയ്ത റോഡ് നിര്‍മ്മാണം തുടങ്ങാന്‍ നാലോ അഞ്ചോ മാസമെങ്കിലും എടുക്കും. മഴയത്ത് ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ 33 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പണം കിട്ടിയിട്ട് പോലും പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ആകുന്നില്ല.