മാറ്റത്തിന്റെയും വികസനത്തിന്റെയും അത്ഭുത പാതയിലൂടെയാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിയോം പദ്ധതിയും, രാജ്യത്തിന്റെ പൈതൃകത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതികള്‍, പരിസ്ഥിതിയും പ്രകൃതിയും ചേര്‍ന്നുള്ള സുസ്ഥിര വികസനം, മികച്ചൊരു ഡൈനാമിക് സൊസൈറ്റി, വാണിജ്യ-സാമ്പത്തിക രംഗത്തെ വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ഒരോ മേഖലയിലും ചരിത്രം സൃഷ്ടിക്കാന്‍ 2030 വിഷന്‍ എന്ന പേരില്‍ വിവിധ പദ്ധതികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന ജീവിത സൗകര്യ നിയമ നിര്‍മ്മാണങ്ങളില്‍ കാതലമായ മാറ്റമാണ് സൗദി കൈവരിക്കാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ ഇതാ ടൂറിസം മുന്‍നിറുത്തി ഫാഷന്‍ രംഗത്ത് പുത്തന്‍ ആശയങ്ങള്‍ പരീക്ഷിച്ചുകൊണ്ട് സൗദി ഇതര അറേബ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയുര്‍ത്തുന്നു. രാജ്യത്തെ ആദ്യ നീന്തല്‍ വസ്ത്ര ഫാഷന്‍ ഷോ (സ്വിമ്മിങ് സ്യുട്ട് ഫാഷന്‍ ഷോ) സംഘടിപ്പിച്ചുകൊണ്ടണ് സൗദി ചരിത്രം കുറിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാജ്യത്ത് നടപ്പാക്കുന്ന നവീന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായിട്ടാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ലോക രാജ്യങ്ങള്‍ സൗദിയെക്കുറിച്ച് മനസിലാക്കി വെച്ചിരുന്ന കര്‍ക്കശമായ നിയമ പ്രവര്‍ത്തനങ്ങള്‍ മയപ്പെടുത്തി രാജ്യത്തെ ഒരു സൗഹൃദയിടമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലെ ഉദ്ദേശം. ആധുനികതയോടും പുരോഗതിയോടുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ തെളിവായിരുന്നു ഈ അതുല്യമായ ശ്രമം.
മൊറോക്കന്‍ ഡിസൈനര്‍ യാസ്മിന ഖന്‍സലിന്റെ ഡിസൈനുകളാണ് ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ചത്. ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വണ്‍ പീസ് സ്യൂട്ടുകളാണ് ഖന്‍സലിന്റെ ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ഫാഷന്‍ വീക്കില്‍ ഖന്‍സലിന്റെ വേനല്‍ക്കാല ബീച്ച്വെയര്‍ ശേഖരത്തില്‍ നിന്നുള്ള വസ്ത്രങ്ങളാണ് മോഡലുകള്‍ അവതരിപ്പിച്ചത്. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ടില്‍ നടന്ന റെഡ് സീ ഫാഷന്‍ വീക്കിന്റെ രണ്ടാം ദിവസമാണ് ഷോ നടന്നത്. സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലുള്ള സൗദി അറേബ്യയുടെ വിഷന്‍ 2030 പരിപാടിയുടെ ഹൃദയഭാഗത്തുള്ള ഗിഗാ പ്രോജക്റ്റുകളിലൊന്നായ റെഡ് സീ ഗ്ലോബലിന്റെ ഭാഗമാണ് ഉമ്മഹത്ത് ഐലന്‍ഡിലെ ഈ റിസോര്‍ട്ട്.
ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണ്, എന്നാല്‍ അറബ് ലോകത്തെ പ്രതിനിധീകരിക്കുന്ന മനോഹരമായ നീന്തല്‍ വസ്ത്രങ്ങള്‍ കാണിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതായി യാസ്മിന ഖന്‍സാല്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഒരുകാലത്ത് നിയന്ത്രിത ബുര്‍ഖ ഫാഷനു മാത്രം പേരുകേട്ട നാട്ടില്‍ യഥാര്‍ത്ഥ നീന്തല്‍ വസ്ത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതില്‍ അഭിമാനമുണ്ട്. ഞങ്ങള്‍ ഇവിടെ വന്നപ്പോള്‍, സൗദി അറേബ്യയില്‍ നടക്കുന്ന നീന്തല്‍ വസ്ത്രം ഫാഷന്‍ ഷോ ഒരു ചരിത്ര നിമിഷമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി, കാരണം ഇത്തരമൊരു പരിപാടി ആദ്യമായിട്ടാണെന്നും അതു ഒരു ബഹുമതി ലഭിച്ചതിനു തുല്യമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
2022 ല്‍ സൗദി അറേബ്യയുടെ ജിഡിപിയിലേക്ക് ഫാഷന്‍ വ്യവസായം 12.5 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇതൊരു ശുഭ സൂചനയായാണ് സര്‍ക്കാര്‍ കരുതുന്നത്. സല്‍മാന്‍ രാജകുമാരന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍, രാജ്യം അതിന്റെ കര്‍ക്കശമായ ഭൂതകാലത്തില്‍ നിന്ന് പിരിഞ്ഞ് ഒരു പുതിയ നാളെയെയാണ് സ്വപ്നം കാണുന്നത്. അതിനുള്ള എല്ലാ ശ്രമങ്ങളും വന്‍ വിജയമാക്കാനുള്ള കരുത്തും ദീര്‍വീക്ഷണവും സല്‍മാന്‍ രാജകുമാരനുണ്ടെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പൂള്‍ സൈഡ് ഫാഷന്‍ വീക്ക് വന്‍ വിജയമായതോടെ രാജ്യത്തിലേക്ക് ടൂറിസം മേഖലയിലുള്‍പ്പടെ കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും.
പൗരാണികതയും അതിനൊപ്പം ആധുനികതയുടെയും ഒരു സമ്മേളന സ്ഥലമാണ് ഇന്ന് സൗദി അറേബ്യ. സൗദി അറേബ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഐഡന്റിറ്റിയുടെ തെളിവാണ് ഇന്നലെ നടന്ന ചരിത്രപരമായ ഫാഷന്‍ ഷോ. ആധുനിക ലോകത്ത് പുരോഗമന ഇസ്ലാമിന്റെ ഒരു വഴികാട്ടിയാകാന്‍ ഈ രാഷ്ട്രം എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് തെളിവാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍.