ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിലും, അമേരിക്കയിലും നടക്കുന്ന ടി20 ലോകകപ്പിനായി അടുത്തയാഴ് പുറപ്പെടും. ഇന്ത്യന്‍ കളിക്കാരുടെ ആദ്യ ബാച്ചും ജംബോ സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ ഒരു സംഘം മെയ് 25 ന് ന്യൂയോര്‍ക്കിലേക്ക് പറക്കും, ബാക്കിയുള്ളവര്‍ മെയ് 26ലെ ഐപിഎല്‍ ഫൈനലിന് ശേഷം മാത്രമേ ടി20 ലോകകപ്പിനായി പുറപ്പെടുകയുള്ളൂ. നേരത്തെ, ഐപിഎല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്ന ടീമുകളുടെ അംഗങ്ങള്‍ മെയ് 19 ന് ഐപിഎല്ലിന്റെ അവസാന ലീഗ് മത്സരത്തിന് രണ്ട് ദിവസത്തിന് ശേഷം മെയ് 21 ന് ന്യൂയോര്‍ക്കിലേക്ക് പോകാനുള്ള തീരുമാനം മാറ്റിയാണ് 25 ന് പുറപ്പെടാന്‍ തീരുമാനിച്ചത്.
‘നായകന്‍ രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ ചില താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മെയ് 25 ന് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഇന്ത്യന്‍ ടീം ലോകകപ്പില്‍ ഒരൊറ്റ സന്നാഹ മത്സരം മാത്രമേ കളിക്കാന്‍ സാധ്യതയുള്ളുവെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ടി20 ലോകകപ്പിന് മുമ്പ് ടീമുകള്‍ സാധാരണയായി രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കാറുണ്ട്. ഈ സന്നാഹ മത്സരങ്ങള്‍ ഫ്‌ലോറിഡയ്ക്ക് പകരം ന്യൂയോര്‍ക്കില്‍ നടത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കിനും ഫ്‌ലോറിഡയ്ക്കും ഇടയിലുള്ള ദൂരം ഏകദേശം 1100 കിലോമീറ്ററായതിനാല്‍, കളിക്കാര്‍ ന്യൂയോര്‍ക്കില്‍ തങ്ങളുടെ സന്നാഹ മത്സരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ദീര്‍ഘദൂര യാത്രകള്‍ കാരണമുള്ള ക്ഷീണം ഒഴിവാക്കാനാണിത്. അത് നടന്നില്ലെങ്കില്‍ ഒരു മത്സരം മാത്രമായിരിക്കും ടീം കളിക്കുക.
ഐപിഎല്‍ ഫൈനലിന്റെ ഭാഗമായ കളിക്കാര്‍ മാത്രം മെയ് 27 ന് ന്യൂയോര്‍ക്കിലേക്ക് പോകും. ബംഗ്ലാദേശ് സന്നാഹ മത്സരത്തിന് മുമ്പ് ജെറ്റ് ലാഗ് കുറയ്ക്കാനും, മൂന്നോ നാലോ ഗുണനിലവാരമുള്ള നെറ്റ് സെഷനുകളില്‍ പ്രാക്ടീസ് നടത്താനും ഇത് ടീമിന് മതിയായ സമയം നല്‍കും. ഇന്ത്യയുടെ പരിശീലന മത്സരങ്ങള്‍ക്ക് വലിയ വിപണിയാണ് ലഭിക്കുന്നത്. സന്നാഹ മത്സരമയാലും ടെലിവിഷന്‍ സംപ്രേക്ഷണം വലിയ വിലയ്ക്കു വിറ്റു പോകുന്നുണ്ട്. ഇത് കണക്കിലെടുത്ത്, ഇന്ത്യയുടെ പരിശീലന മത്സരങ്ങളും ന്യൂയോര്‍ക്കില്‍ നടത്തണമെന്ന ബിസിസിഐയുടെ അഭ്യര്‍ത്ഥന ഐസിസി അംഗീകരിക്കാന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പ് 2024 സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഐസിസി ഉടന്‍ പ്രഖ്യാപിക്കും.
ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ജൂണ്‍ 5ന് അയര്‍ലന്‍ഡ്, ജൂണ്‍ 9ന് പാക്കിസ്ഥാന്‍, ജൂണ്‍ 12ന് യുഎസ് ടീമുകളുമായിട്ടാണ്. കാനഡയ്ക്കെതിരായുള്ള അവസാന ലീഗ് മത്സരം ജൂണ്‍ 15 ന് ഫ്‌ലോറിഡയില്‍ നടക്കും, അതിനുശേഷം ടീം സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകും.
2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ഴ്‌സ്) ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.