തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം നിർമിച്ച സി.പി.എം തീരുമാനത്തിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിച്ച് സി.പി.എം കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്. ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
2015ലെ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിർമിക്കുന്നത് സിപിഐഎം ഇരട്ടത്താപ്പ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.ഐ.എം അധപതിച്ചു.
സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിന് എതിരേയും കേസെടുക്കണം. ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നത്? നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന ഇത്തരം രീതികളെ നഖശിഖാന്തം എതിർക്കുകയാണ് വേണ്ടത്. ഭാവി തലമുറയ പോലും ഉളുപ്പില്ലാതെ വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സി.പി.ഐ.എം തയാറാകണമെന്ന് വി ഡി സതീശൻ വിമർശിച്ചു.