ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പഴയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഹൈദരാബാദിലെ ബിജെപി നേതാവ് അറസ്റ്റിൽ. മൽക്കാജ്ഗിരിയിലെ ബിജെപി കോർപ്പറേറ്ററായ ശ്രാവൺ വൂരപ്പള്ളിയും മറ്റ് മൂന്ന് പേരുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ പ്രചാരണം.
ഹൈദരാബാദിൽ നിന്നുള്ള ബിജെപിയുടെ മൽകാജ്ഗിരി കോർപ്പറേറ്ററാണ് ശ്രാവൺ വൂരപ്പള്ളി. ഒരു പഴയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെക്കുറിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഉദ്യോഗസ്ഥർ പരാതി നൽകിയതിന് തൊട്ടുപിന്നാലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ബിജെപി കോർപ്പറേറ്ററെ ഓഫീസിൽ നിന്ന് പുറത്താക്കിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈദരാബാദിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന വീഡിയോ ക്ലിപ്പ് സംസ്ഥാനത്തെ ഒരു തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ടതല്ലെന്ന് തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ പോളിംഗ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിലാണ് നടന്നതെന്ന് അതിൽ പറയുന്നു.
പുതിയതെന്ന നിലയിൽ ഇയാൾ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പ് 2022ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെയാണ് ആദ്യം പുറത്തുവന്നത്. 2022 ഫെബ്രുവരി 27ന് ടിവി9 ബംഗ്ലാ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിനിടെ ബംഗാളിലെ സൗത്ത് ഡംഡമിലെ വാർഡ് 33ലെ 106 ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്യാൻ ആളുകൾ പോവുന്നതും പ്രിസൈഡിങ് ഓഫീസറും മറ്റൊരു പോളിങ് ഉദ്യോഗസ്ഥനും ഇവർക്കരികിലേക്ക് പോവുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ഒരാൾ കമ്പാർട്ടുമെൻ്റിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ഇവിഎം പോലെയുള്ള ബീപ് ശബ്ദം വീഡിയോയിൽ കേൾക്കുന്നുണ്ട്. തെലങ്കാനയിലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പഴയ ക്ലിപ്പാണിതെന്ന് സിഇഒ പറഞ്ഞു. 2022 ഫെബ്രുവരി 27 ന് ടിവി9 ബംഗ്ലാ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യമായി പങ്കുവെച്ചത്.