റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി പ്രതിനിധികളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എംബസിയും സഹായ സമിതിയും പണം നൽകാനുള്ള ഗവർണറേറ്റിന്‍റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്. ദയാധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാർഗനിർദേശം നൽകണമെന്ന് സഹാസമിതി അഭ്യർഥിച്ചു. പണം സർട്ടിഫൈഡ് ചെക്കായി കുടുംബത്തിന് നേരിട്ടുള്ള അക്കൗണ്ടിലാണോ കൈമാറേണ്ടത് അതോ കോടതിയുടെ അക്കൗണ്ടിലേക്കാണോ നൽകേണ്ടത് എന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും.
ഇക്കാര്യത്തിൽ ഗവർണറേറ്റിന്‍റെ അറിയിപ്പുണ്ടായാൽ ഉടൻ ദയാധനമായ 15 മില്യൻ സൗദി റിയാൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറും. തുടർന്ന് മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ എംബസി തുക സർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്കും നൽകും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രധാന ഘട്ടം പൂർത്തിയാകും. പിന്നീട് ഇരു വിഭാഗത്തിന്‍റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും.
അപ്പോഴേക്കും ഗവർണറേറ്റിൽ നിന്ന് രേഖകൾ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.