ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം യുഎഇയിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനാണ് ചർച്ച. യുഎഇയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടന്നു.
ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഐഎംഇഇസി ശക്തമാക്കുന്നതിന് ഇന്ത്യയും യുഎഇയും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് പൂർത്തിയായത്. ഷിപ്പിങ്, തുറമുഖ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ദീൻദയാൽ ഉപാധ്യായ പോർട്ട് കണ്ടല എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഖലീഫ പോർട്ട്, ഫുജൈറ പോർട്ട്, ജബൽ അലി പോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെബ്രുവരി സന്ദർശനത്തിലാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ സാമ്പത്തിക ഇടനാഴി പ്രോൽസാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനം നിലവിൽ വന്നത്. 3 മാസത്തിനകം ആദ്യ സന്ദർശനം നടന്നത് ഐഎംഇഇസി ശക്തമാക്കുന്നതിൽ ഇരു സർക്കാരുകളുടെയും താൽപര്യമാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ എംബസി പ്രതികരിച്ചു.