ദുബൈ: മഴയിൽ അവതാളത്തിലായ ദുബൈ മെട്രോയുടെ 3 സ്റ്റേഷനുകൾ നാളെ തുറക്കും. ഓൺപാസീവ്, ഇക്വിറ്റി, മശ്‌റഖ് സ്റ്റേഷനുകൾ മേയ് 19 മുതൽ സാധാരണ നിലയിലാകുമെന്ന് ആർ.ടി.എ അറിയിച്ചു. എനർജി സ്റ്റേഷൻ അടുത്തയാഴ്ച്ച പ്രവർത്തനസജ്ജമാകുമെന്നും ആർ.ടി.എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സ്റ്റേഷനുകളുടെ പൂർണ്ണമായ പ്രവർത്തന സന്നദ്ധത ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷിതവും സുഗമവുമായ സേവനം നൽകുന്നതിനും ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം വാതിലുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, മറ്റ് സേവന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെയും കാര്യക്ഷമത ഉറപ്പാക്കാൻ ആർ.ടി.എ നിരവധി പരിശോധനകൾ പൂർത്തിയാക്കി. മെട്രോ സ്റ്റേഷനുകൾക്കിടയിൽ സുഗമമായ സർവീസ് നിലനിർത്തുന്നതിനുള്ള ട്രെയിനുകളുടെ ശക്തിയുടെ സുപ്രധാന സൂചകങ്ങളും, സ്റ്റേഷനുകളിലെ മെട്രോ യാത്രാ സമയത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനുള്ള സർവീസ് ഫ്രീക്വൻസി ട്രയലുകളും പരിശോധനകളിൽ പൂർത്തിയാക്കി.