India

ലൈംഗികാരോപണക്കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: ലൈംഗികാരോപണക്കേസിന് പിന്നാലെ സസ്പെൻഷനിലായ ജനതാദൾ (സെക്കുലർ) നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ നീക്കം ആരംഭിച്ച് പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ സമീപിച്ചു. ഇയാളുടേതാണെന്ന് ആരോപിക്കപ്പെടുന്ന ഒട്ടേറെ വീഡിയോകൾ കഴിഞ്ഞ മാസം പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.

തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രജ്ജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഏപ്രില്‍ 26-ന് അര്‍ധരാത്രിയാണ് പ്രതി വിദേശത്തേക്കു കടന്നത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.

ഹാസൻ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു പ്രജ്വൽ. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ബെംഗളൂരു കോടതി വെള്ളിയാഴ്ച നീട്ടിയിരുന്നു. മെയ് 20 വരെ ജാമ്യം തുടരും. 66 കാരനായ മുൻ മന്ത്രിയെ മെയ് 4 ന് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.