കോഴിക്കോട്: നവവധുവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ശുപാർശ ചെയ്തു. പ്രതിക്കെതിരെ വധശ്രമ വകുപ്പ് ചുമത്തിയത് ഇയാൾ ചോർത്തി നൽകിയതായും പൊലീസിന്റെ പിടിയിൽ പെടാതെ ബെംഗളൂരുവിലെത്താനുള്ള വഴി പറഞ്ഞു നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ശുപാർശ ചെയ്തത്.
ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നാണ് വിവരം. സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായെന്നും ഉന്നത ഉദ്യോഗസ്ഥൻ ഒപ്പുവെച്ചാല്‍ ഉടൻ ഉത്തരവിറങ്ങുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെതിരെയാണ് നടപടിയുണ്ടാകുക.
ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് പുറപ്പെടുവിച്ചത്. എറണാകുളം സ്വദേശിയായ പെൺകുട്ടിക്കാണ് വിവാഹം കഴിഞ്ഞതിന്റെ ഏഴാംനാൾ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റത്.