കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സർജറി മാറി ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.