ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണമാണ്. 2019ലെ തിരഞ്ഞെടുപ്പിൽ 49-ൽ 32 സീറ്റുകളും ബിജെപിക്ക് ഒപ്പമായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ ജനവിധി എഴുതുന്നത് നാളെയാണ്. ഉത്തർപ്രദേശിലെ 14, മഹാരാഷ്ട്രയിലെ 13, പശ്ചിമബംഗാളിലെ ഏഴ് എന്നിങ്ങനെ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.
ഒപ്പം ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ച് വീതം സീറ്റുകൾ, ഝാർഖണ്ഡിലെ മൂന്ന് സീറ്റുകൾ, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ്. 2019-ൽ നേടിയ 32 സീറ്റുകൾ വർദ്ധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദി ഹൃദയ ഭൂമിയിലാണ് പ്രധാന മണ്ഡലങ്ങൾ എന്നതിനാൽ കാര്യമായ വെല്ലുവിളി ഇല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഒരു സിറ്റിൽ ഒതുങ്ങിയ കോൺഗ്രസിനാകട്ടെ സീറ്റ് എണ്ണം വർദ്ധിപ്പിച്ചേ മതിയാകൂ. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടങ്ങളെക്കാൾ പ്രചാരണ രംഗത്ത് കൂടുതൽ മുന്നേറ്റം കൈവരിക്കാൻ ആയ ഇന്ത്യ സഖ്യം മഹാരാഷ്ട്രയിൽ കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്.
അവശേഷിക്കുന്ന 13 സീറ്റുകളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയാകും. ആകെ 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തു ഉള്ളത്. രണ്ടാം മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവരാണ് തിങ്കളാഴ്ച ജനവിധി തേടുന്ന പ്രമുഖർ. അഞ്ചാം ഘട്ടത്തോടെ ആകെയുള്ള 543-ൽ 428 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും പുരോഗമിക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്.