ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി. 9.30നുള്ള വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകി. പകരം സംവിധാനം ഒരുക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.
ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും, ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ല. യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളുരു-കൊച്ചി വിമാനം രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിംഗ് നടത്തിത്. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.