കോഴിക്കോട് : നവവധുവിനെ മർദ്ദിച്ച കേസിലെ പ്രതി രാഹുൽ പി. ഗോപാലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് കാറിലെ സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഇത് മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിന്റെ ക്രൂരമർദ്ദനത്തിനിരയായ യുവതിയുടെ രക്തഗ്രൂപ്പുമായി ഒത്തുനോക്കുന്നതടക്കമുള്ള കൂടുതൽ പരിശോധനകൾക്കുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇവലെ രാത്രിയാണ് കാർ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
രാഹുൽ പി ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തേക്കും എന്നും റിപ്പോർട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇവർക്ക് എതിരായതിനെത്തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകണം ലഭിച്ചിട്ടില്ല.
ഇരുവരും കോഴിക്കോട് ജില്ല കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇരുവരും വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് അറിയിച്ച ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാഹുലിന് രക്ഷപ്പെടാൻ അവസരമമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത്ലാലിനെ അധികൃതർ സസ്‌പെൻഡുചെയ്തിട്ടുണ്ട്. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സ്ഥിതിക്കാണ് നടപടി. സംഭവദിവസം ഇയാൾ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു.