മലയാളികള്‍ക്ക് നോണ്‍വെജിനോട് അല്പം മുഹബത്ത് കൂടുതലാണ്. ഇന്നൊരു നോൺവെജ് റെസിപ്പിയാണ്. അതും മട്ടൺ ബോട്ടി റെസിപ്പി. എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ബോട്ടി റെസിപ്പി നോക്കിയാലോ? ആരോഗ്യത്തിന് ഏറ്റവും വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ് മട്ടണ്‍.
ആവശ്യമായ ചേരുവകള്‍
- ആടിന്റെ കുടല്‍ – 1
- എണ്ണ – 3 ടേബിള്‍സ്പൂണ്‍
- കറുവപ്പട്ട – 3
- തക്കോലം – 1
- ഏലം – 2
- ഗ്രാമ്പൂ – 4
- കറിവേപ്പില – അല്പം
- ഉള്ളി – 3 (ചെറുതായി അരിഞ്ഞത്)
- തക്കാളി – 2 (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- ചെട്ടിനാട് ചിക്കന്‍ മട്ടണ്‍ മസാല – 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ഇഷ്ടത്തിനനുസരിച്ച്
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- വെള്ളം – 2 കപ്പ്
- മല്ലിയില – അല്പം
തയ്യാറാക്കുന്ന വിധം
മട്ടണ്‍ കുടലിൽ നല്ലതുപോലെ മഞ്ഞളും ഉപ്പും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ 3-4 തവണ കഴുകി വൃത്തിയാക്കണം. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അതിന് മുകളിലെ തൊലി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, തക്കോലം, ഏലക്ക, ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കാം.ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് തക്കാളി സോഫ്റ്റ് ആവുന്നത് വരെ ഇളക്കിക്കൊടുക്കാം. അതിനുശേഷം ചെട്ടിനാട് ചിക്കന്‍ മട്ടണ്‍ മസാല ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക.
പിന്നീട് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി, കഴുകി വച്ചിരിക്കുന്ന ആട്ടിന്‍കുടല്‍ ചേര്‍ത്ത് 5 മിനിറ്റ് നല്ലതുപോലെ വഴറ്റി കൊടുക്കാം. ശേഷം ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് ഇളക്കി കുക്കര്‍ അടച്ച് 9 വിസില്‍ വരെ കാത്തിരിക്കാം. വിസില്‍ പോകുമ്പോള്‍ കുക്കര്‍ തുറന്ന് വീണ്ടും സ്റ്റൗവില്‍ വെച്ച് 5 മിനിറ്റ് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കാം. കുറച്ച് മല്ലിയില ചേര്‍ത്ത് ഇളക്കിയാല്‍ രുചികരമായ ചെട്ടിനാട് മട്ടണ്‍ ബോട്ടി തയ്യാര്‍.