ആലപ്പുഴ : ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില് അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.
പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം പള്ളിച്ചന്തയിലായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കഴുത്തിനും മുതുകിനും കുത്തേറ്റ അമ്പിളിയെ നാട്ടുകാർ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പിളിയുടെ കാഷ് ബാഗും കളക്ഷൻ മെഷീനുമായാണ് രാജേഷ് രക്ഷപ്പെട്ടത്.പൊലീസ് നടത്തിയ തിരച്ചിലിൽ രാജേഷിന്റെ വീടിന് പിന്നിൽ നിന്ന് കാലിയായ ബാഗ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു.സ്വന്തം വീട്ടിൽ നിന്നാണ് അമ്പിളി ജോലിക്ക് പോയിരുന്നത്. പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഇവർ തമ്മിൽ രമ്യതയിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ചേർത്തല സി.ഐ ജി. പ്രൈജു,എസ്.ഐ കെ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: രാജലക്ഷ്മി,രാഹുൽ.