Kerala

ഡ്യൂട്ടി സമയം കഴിഞ്ഞു; തെറ്റായ ട്രാക്കിൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം

കാസര്‍കോട് : തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‍ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‍ഫോമില്‍ നിര്‍ത്താൻ കഴിയാതെയായി.

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം. ട്രെയിനുകൾ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‍ഫോം ഒന്നിൽ നിര്‍ത്തുന്നത്. രാവിലെയായിട്ടും ട്രെയിൻ ഇവിടെ നിന്നും നീക്കിയിട്ടില്ല.

ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ളാറ്റ്‌ഫോം ഒന്ന്. ഇവിടെ കയറാൻ കഴിയാത്തതുമൂലം ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ മൂന്നാം പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. ഇത് യാത്രക്കാർ പലരും അറിയുന്നില്ല. രാവിലെ ട്രെയിൻ മാറ്റിയിടാൻ പുതിയ ലോക്കോ പൈലറ്റ് എത്തിയിട്ടുണ്ട്.

ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചോ എന്നും വ്യക്തതയില്ല. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ 80 കിലോമീറ്ററോളം ഓടിയിരുന്നു. ജമ്മുകാശ്മീരിലെ കത്വ മുതൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉചി ബാസി വരെയാണ് ട്രെയിൻ ഓടിയത്.കത്വാ സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു 53 വാഗണുകളുള്ള ചരക്ക് ട്രെയിൻ. ചെറിയ ഇറക്കമുള്ള പാതയിൽ ഹാൻഡ് ബ്രേക്ക് ഇടാതെ ലോക്കോ പൈലറ്റ് പുറത്തേക്ക് പോയതാണ് കാരണമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.