ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. കുടുംബാംഗങ്ങള്‍ വരുമ്പോള്‍ ഗെയിമിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും ചില ഉപദേശങ്ങളുമൊക്കെ മത്സരാര്‍ഥികള്‍ക്ക് നല്കല് പതിവാണ്. കുടുംബം വന്ന് പോയതിന് ശേഷം ശ്രീതു തന്നോട് അകല്‍ച്ച കാട്ടുന്നുവെന്ന് അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന അര്ജുന് പരാതിയുണ്ട്. അതിന്റെ കാരണം കഴിഞ്ഞ ദിവസം മുതല്‍ അര്ജുന് അന്വേഷിക്കാനും തുടങ്ങിയിരുന്നു. അര്‍ജുനില്‍ ചില ഫേക്ക്നെസ് തോന്നുന്നുവെന്ന് ശ്രീതു സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് അകല്ച്ചയെന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്രീതു.
ഇക്കാര്യം ചോദിച്ച അര്‍ജുനോട് തന്നെയാണ് ശ്രീതു ഇക്കാര്യം പറഞ്ഞത്. എന്താണ് കാരണമെന്ന് എടുത്തെടുത്ത് ചോദിക്കുകയായിരുന്നു അര്ജുന്. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയ ശ്രീതു പിന്നീട് കാര്യം വ്യക്തമാക്കി. അര്ജുന് താനല്ലാതെ മറ്റൊരു മത്സരാര്‍ഥിയുമായി കോമ്പിനേഷന്‍ ശ്രമിക്കുന്നതായി തനിക്ക് തോന്നിയെന്നും അതില്‍ തനിക്ക് ഫേക്ക്നെസ് തോന്നിയെന്നും ശ്രീതു പറഞ്ഞു. പ്രസ്തുത വ്യക്തിയുടെ പേര് ശ്രീതു പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ച ആള് ജാസ്മിന് ആണെന്ന് അര്ജുന് മനസിലായി. ശ്രീതു ഇപ്പോള്‍ സംസാരിക്കാന്‍ വരാത്ത സാഹചര്യത്തില്‍ ഒരേ ടീമിലുള്ള ജാസ്മിനോട് സംസാരിക്കുന്നുവെന്നേയുള്ളൂവെന്ന് അര്ജുന് പറഞ്ഞു.
ഇതായിരുന്നു തന്റെ കാരണമെന്നും അല്ലാതെ ഫാമിലി വീക്കിന് ഇതില്‍ സ്വാധീനമൊന്നുമില്ലെന്നും ശ്രീതു വ്യക്തമാക്കി. സീസണ് ഏതാനും വാരങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ അടുത്ത സൗഹൃദത്തില്‍ ആയവരാണ് അര്‍ജുനും ശ്രീതുവും. തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് ടാസ്കുകള്ക്കിടയില് ഇരുവരും പലകുറി പറഞ്ഞിട്ടുമുണ്ട്. ഗെയിം ഒറ്റയ്ക്ക് കളിക്കണമെന്ന് ഫാമിലി വീക്കിന്റെ ഭാഗമായി എത്തിയ ശ്രീതുവിന്റെ അമ്മ ഉപദേശിച്ചിരുന്നു. അര്‍ജുനുമായുള്ള അകല്‍ച്ചയുടെ കാരണം എന്താണെന്ന് റസ്മിനും ശ്രീതുവിനോട് പലകുറി ചോദിച്ചിരുന്നു. എന്നാല്‍ അതിന് ശ്രീതു മറുപടിയൊന്നും പറഞ്ഞിരുന്നില്ല.