ബോളിവുഡിലെ താര റാണിയാണ് ദീപിക പദുകോൺ. മികച്ച നടി, ഇന്ത്യയൊട്ടുക്കും ആരാധകരുള്ള താരം, ഫാഷൻ ഐക്കൺ തുടങ്ങി ദീപികയ്ക്ക് ഖ്യാതികൾ ഏറെയാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയാരെന്ന ചോദ്യത്തിന് ഏവരുടെയും ഉത്തരം ദീപികയെന്നായിരിക്കും. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും ദീപികയ്ക്ക് ഇത് സന്തോഷങ്ങളുടെ ദിനമാണ്. അടുത്താടെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ദീപിക ആരാധകരോട് പങ്കുവെച്ചത്. 38ാം വയസിലാണ് ദീപിക ഗർഭിണിയായത്. ഇരുപതുകളിലും മുപ്പതുകളുടെ തുടക്കത്തിലുമെല്ലാം ദീപിക കരിയറിലെ തിരക്കുകളിലായിരുന്നു.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന നടിയാണ് ദീപിക. കരിയറിലെ തിളക്കമേറിയ കാലഘട്ടത്തിലാണ് നടി വിഷാദ രോഗത്തിന്റെ പിടിയിലാകുന്നത്. മാനസികമായി തകർന്ന ദീപിക വിദഗ്ധരുടെ സഹായം തേടി. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ദീപിക മടിക്കാറില്ല. ജനങ്ങളുടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കിയ ദീപിക ലിവ് ലൗ ലാഫ് എന്ന ഫൗണ്ടേഷനും തുടങ്ങി.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ദീപിക പദുകോൺ. പത്ത് വർഷം മുമ്പുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളാണ് മാനസികാരോഗ്യത്തിന് വേണ്ടി സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ദീപിക പറയുന്നു. ഡിപ്രഷനുൾപ്പെടെയുള്ള കാര്യങ്ങളെ ടാബൂ ആയാണ് ആളുകൾ കണ്ടത്. ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കില്ല. അതെന്ത് കൊണ്ടാണെന്ന് താൻ ചിന്തിച്ചെന്നും അതുകൊണ്ടാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞതെന്നും ദീപിക പദുകോൺ വ്യക്തമാക്കി.
2015 ലാണ് ഒരു അഭിമുഖത്തിൽ തന്റെ ഡിപ്രഷനെക്കുറിച്ച് ദീപിക തുറന്ന് പറഞ്ഞത്. ബോളിവുഡിലെ മുൻനിര താരത്തിന്റെ തുറന്ന് പറച്ചിൽ അന്നേറെ ചർച്ചയായി. ഇന്ത്യയിൽ മാനസികാരോഗ്യ മേഖലയിലുണ്ടായ ചലനങ്ങളിൽ ദീപികയുടെ തുറന്ന് പറച്ചിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ബോളിവുഡിലെ നിരവധി താരങ്ങൾ ഇതേക്കുറിച്ച് ഇന്ന് തുറന്ന് സംസാരിക്കുന്നുണ്ട്.
കരൺ ജോഹർ, ആമിർ ഖാൻ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവും ഡിപ്രഷനെക്കുറിച്ചുള്ള ചർച്ചകൾ വർധിപ്പിച്ചു. 2020 ലാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ഓം ശാന്തി ഓം എന്ന സിനിമയിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് കടന്ന് വരുന്നത്. ഷാരൂഖ് ഖാൻ നായകനായ ചിത്രം വൻ വിജയമായിരുന്നു. അന്നത്തെ അനുഭവങ്ങളും ദീപിക പങ്കുവെച്ചു.
ഇതിനേക്കാൾ നല്ലൊരു തുടക്കം എനിക്ക് ചോദിക്കാൻ പറ്റില്ല. കാരണം അവർ എന്നെ സംരക്ഷിച്ചു. അവർക്കതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഡയലോഗുകൾ പറയുന്നുണ്ടെന്നും അവർ ഉറപ്പ് വരുത്തി. ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം മാറി മറിഞ്ഞെന്നും ദീപിക പദുകോൺ വ്യക്തമാക്കി.
ഫറ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം 2007 ലാണ് റിലീസ് ചെയ്യുന്നത്. മുംബെെ ഫാഷൻ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായിരിക്കെയാണ് ദീപികയ്ക്ക് ബോളിവുഡിലേക്ക് എൻട്രി ലഭിച്ചത്. ഷാരൂഖ് ഖാനൊപ്പം പിന്നീട് ഒന്നിലേറെ സിനിമകളിൽ ദീപിക അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ജവാൻ എന്ന ഷാരൂഖ് ചിത്രത്തിലും ദീപികയ്ക്ക് ശ്രദ്ധേയ വേഷമാണ് ലഭിച്ചത്.