രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തലസ്ഥാന നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യാസംഭവമായി മാറുന്നു. എന്തുകൊണ്ടാണ് നഗരം ഇങ്ങനെ കനത്ത വെള്ളക്കെട്ടിലേക്ക് പോകാന്‍ കാരണം. കൃത്യമായ ആസൂത്രണമില്ലായ്മയും നഗരസഭയുടെയും, മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ മെല്ലെപ്പോക്കുമാണ് മഴ സമയത്ത് ജനം ഈ ദുരിതം സഹിക്കേണ്ടി വരുന്നത്. കാലവര്‍ഷത്തിനു മുന്‍പ് നഗരത്തിലെ ഓടകളും തോടുകളും വൃത്തിയാക്കി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതു വരെ പൂര്‍ത്തിയാക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചത്തോടെ വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന കാലവര്‍ഷത്തില്‍ തിരുവനന്തപുരം നഗരത്തിലെ പലസ്ഥലങ്ങളും വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങുമെന്ന് റപ്പാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിലെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ എട്ട് മാസം പിന്നിട്ടിട്ടും കാര്യമായ പ്രവൃത്തികള്‍ നടന്നിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു.
ഇന്നലെ രാത്രിയില്‍ തുടര്‍ച്ചയായി പെയ്ത മഴയിലും കഴിഞ്ഞ വര്‍ഷത്തിനു സമാനമായി നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയതോടെ ആശങ്കയിലാണ് സമീപ വാസികള്‍.
സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപ്പാസില്‍ വെള്ളം കയറി. റോഡുപണിയ്ക്കായി എടുത്തിരുന്ന കുഴികളില്‍ വെള്ളം നിറഞ്ഞതും, നിര്‍മ്മാണ സാമഗ്രഹികളില്‍ വെള്ളം കയറി റോഡു പണികള്‍ മുടങ്ങി. കൂര്‍ത്ത കമ്പികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ റോഡില്‍ അലക്ഷ്യമായിയിട്ടിരക്കുന്നത് വന്‍ അപകടം വിളിച്ചുവരുത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. അട്ടക്കുളങ്ങര, മണക്കാട്, എന്‍.എച്ച് ബൈപ്പാസിന്റെ സര്‍വീസ് റോഡ്, ചാല, ജഗതി, കണ്ണമൂല, മുട്ടട, വയലിക്കട, മുട്ടത്തറ, ശ്രീവരാഹം, ചാക്ക, കഴക്കൂട്ടം മേഖലകളില്‍ വെള്ളം കയറി. പൂന്തിറോഡിലെ വെള്ളക്കെട്ട് ഇതു വരെ മാറിയിട്ടില്ല. ശംഖുമുഖം, കുളത്തൂര്‍ എസ്എന്‍ നഗര്‍, അട്ടക്കുളങ്ങര, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
അവലോകന യോഗങ്ങള്‍ മാത്രം മുറയ്ക്ക്
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം 22, 23 തീയതികളില്‍ നഗരത്തിലുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യോഗം ചേര്‍ന്നിരുന്നു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമാനങ്ങള്‍ കൈക്കൊണ്ടത്. എന്നാല്‍ ഒരു പ്രവൃത്തികളും പൂര്‍ത്തികരിച്ചില്ലെന്നാണ് ന്നലെ മഴയില്‍ മുങ്ങിയ സ്ഥലങ്ങളിലെയും കാഴ്ചകള്‍ സൂചിപ്പിക്കുന്നത്.
യോഗ തീരുമാനങ്ങള്‍;
24 മണിക്കൂറിനുള്ളില്‍ 150 മില്ലി മീറ്റര്‍ മഴ തിരുവനന്തപുരം നഗരത്തില്‍ പെയ്തതാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലടിയിലാകാന്‍ കാരണമായതെന്ന് യോഗം വിലയിരുത്തി. ഒരു വര്‍ഷത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ അതിശക്തമായ മഴ നഗരത്തില്‍ ലഭിക്കുന്നത് 40 വര്‍ഷത്തിന് ശേഷമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ ആമയിഴഞ്ചാന്‍ തോട്, പട്ടം തോട്, ഉള്ളൂര്‍ തോട് എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും. ആമയിഴഞ്ചാന്‍ തോടിലെ ചെളി നീക്കം ചെയ്യാനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 37കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്ന്. ജലാശയങ്ങളിലെ മാലിന്യവും ചെളിയും നീക്കം ചെയ്യാതെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തിയാക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിശക്തമായ മഴയില്‍ നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഓടകളും ജലാശയങ്ങളും അടിയന്തരമായി ശുചീകരിക്കും. നീക്കം ചെയ്യുന്ന ചെളിയും മാലിന്യങ്ങളും ജലാശയങ്ങളുടെ കരയില്‍ തന്നെ ഇടുന്നത് അനുവദിക്കില്ല. ഇതിനായി പ്രത്യേക ഡംപിഗ് യാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടേക്ക് ചെളിയും മാലിന്യങ്ങളും മാറ്റണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ.ആര്‍എഫ്ബി, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ 81 റോഡുകളിലേയും ഓടകള്‍ വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. മഴയെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടം, ഉള്ളൂര്‍ ആമയിഴഞ്ചാന്‍ തോടുകളില്‍ നിന്നും 1.50 ലക്ഷം ക്യുബിക് മീറ്റര്‍ സില്‍റ്റ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നൂറുദിന കര്‍മപദ്ധതി സമയബന്ധിതമായി പൂര്‍ത്തിക്കും. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തി അടുത്ത വര്‍ഷം ജനുവരി 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്ചയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലാശയങ്ങള്‍ വൃത്തിയാക്കാനായി ജലവിഭവ വകുപ്പ് വാങ്ങിയ സില്‍റ്റ് പുഷര്‍ യന്ത്രം നഗരത്തിലെത്തിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, റവന്യൂ, പൊതുമരാമത്ത്, മേജര്‍, മൈനര്‍ ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഈ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തെങ്കിലും പൂര്‍ത്തീകരിച്ചതായി അറിവില്ല. തുടക്കമിട്ടെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പേരിലും പെരുമാറ്റ ചട്ടത്തിന്റെയും മറവിലും ഒന്നും ചെയ്യാതെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. കാര്യമായി ഇടപെടാന്‍ നഗരസഭയ്‌ക്കോ, ജനപ്രതിനിധികള്‍ക്കോ സാധിച്ചില്ലെന്ന് വ്യക്തമാണ്. നഗരത്തിലെ പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളിലെ ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നെങ്കില്‍ വെള്ളക്കെട്ടിനു ശ്വാശ്വത പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. പ്രവൃത്തികള്‍ തുടങ്ങിയിടങ്ങളില്‍ വീണ്ടും ഈ മഴയത്ത് ചെളിയും മറ്റും അടിയുമെന്ന ആശങ്കയിലാണ് നഗരസഭ.
പ്രശ്‌നങ്ങള്‍ എവിടെ?
നഗരത്തിലെ പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളായ ഉള്ളൂര്‍ തോടിനും പട്ടം തോടിനും 12 മീറ്റര്‍ വരെ വീതിയുണ്ട്. മുട്ടടയില്‍ നിന്നും പ്ലാമൂട് വഴി കുന്നുകുഴിയില്‍ എത്തുന്ന തോടിന് പത്തു മീറ്ററാണ് വീതി. ഇവയെല്ലാം വന്നു ചേരുന്നത് കണ്ണമൂല ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലാണ്. വെള്ളക്കെട്ടിന്റെ ഉത്ഭവ കേന്ദ്രമെന്ന് ഈ സ്ഥലമാണെന്ന് പറയാം. ഇവിടെ ആമയിഴഞ്ചാന്‍ തോടിന് എട്ടു മീറ്റര്‍ മാത്രമാണ് വീതി. ഇക്കാരണങ്ങളാലാണ് നഗരത്തില്‍ മഴ പെയ്താല്‍ ഇതിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ പ്രധാന കാരണം. മണ്ണും, ചെളിയും മറ്റു മാലിന്യങ്ങളും മാറ്റാന്‍ കാലതാമസമെടുക്കുന്നതോടെ നഗരം ഒരു ചെറിയ മഴയില്‍ വെള്ളക്കെട്ടില്‍ അമരും. വേളി പൊഴി കൃത്യസമയത്ത് മുറിക്കാത്തതും വെള്ളം കടലിലേക്ക് ഒഴുകാന്‍ താമസമെടുക്കുന്നു. കഴിഞ്ഞ വര്‍ഷം പെയ്ത മഴയെത്തുടര്‍ന്ന് 100 ദിവത്തിനുള്ളില്‍ തോടുകള്‍ വൃത്തിയാക്കണമെന്നായിരുന്നു കളക്ടര്‍ നല്‍കിയ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. ആമയിഴഞ്ചാന്‍ തോടിന്റെ ആഴം കൂട്ടിയാല്‍ ജലം സുഗമമായി ഒഴുകി ആക്കുളം കായലിലേക്ക് പോകും. അതിനുളള മാസ്റ്റര്‍ പ്ലാന്‍ ആണ് തയ്യാറാക്കേണ്ടത്.
തെറ്റിയാര്‍ തോടും ടെക്‌നോപാര്‍ക്കും
കഴക്കൂട്ടം മേഖലയില്‍ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ഒന്നിലും, രണ്ടിലും, മൂന്നിലും വെള്ളം കയറുന്നത് തെറ്റിയാര്‍ തോടിന്റെ നവീകരണം നടപ്പാക്കത്തതുമൂലമാണ്. തെറ്റിയാര്‍ തോടിന്റെ ആഴം കൂട്ടി മാലിന്യം നീക്കം ചെയ്താല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. തെറ്റിയാര്‍ തോടു ചെന്നു ചേരുന്നത് ആക്കുളം- വേളി കായലുകകളിലാണ്. തെറ്റിയാര്‍ തോടിന്റെ കരകളില്‍ താമസിക്കുന്നവര്‍ മഴക്കാലത്ത് കടുത്ത ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.