ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെയാണ് നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദിവിട്ടത്.
പ്രയാഗ് രാജിലെ ഫുല്‍പുര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാഡിലയില്‍ നടന്ന പൊതുയോഗത്തിലാണ് സംഭവം. 2 ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന മൈതാനത്ത് 3 ലക്ഷത്തോളം പേർ എത്തിയിരുന്നു. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും 20 മിനിറ്റോളം വേദിയിൽ ഇരുന്ന ശേഷമാണ് മടങ്ങിയത്.
കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഖിലേഷും രാഹുലും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാനും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ഉള്‍ക്കൊണ്ടില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി വേദി വിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഫുല്‍പുരിലെ റാലി വിട്ട ശേഷം രാഹുലും അഖിലേഷും അലഹബാദ് പാര്‍ലമെന്റ് സീറ്റിന് കീഴിലുള്ള പ്രയാഗ്രാജ് ജില്ലയിലെ രണ്ടാമത്തെ റാലിക്കായി മുംഗരിയില്‍ എത്തി. ഈ റാലിയിലും സമാനമായ സാഹചര്യം ഉണ്ടായി. ഇവിടെയും ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് വേദിയിലേക്ക് എത്താന്‍ ശ്രമിച്ചു.