UAE

സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ ; ജാഗ്രത പാലിക്കണമെന്ന് യുഎഇ

അബുദാബി ∙ സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെയും കമ്പനികളുടെയും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. അടിയന്തര സാഹചര്യമുണ്ടെന്ന് ധരിപ്പിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് സഹായം ചോദിക്കും.

എസ്എംഎസ്, ഇമെയിൽ, ഫോൺ എന്നിവയ്ക്കു പുറമെ വാട്സാപ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ ചാറ്റ് ചെയ്തുമാണ് തട്ടിപ്പ് നടത്തുന്നത്. വ്യക്തിഗത വിവരങ്ങൾ ചേർത്തുന്നതാണ് ആദ്യഘട്ടം. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ സമീപകാലങ്ങളിൽ നടത്തിയ ആശയവിനിമയങ്ങളെല്ലാം പരിശോധിച്ച് തട്ടിപ്പുകാർ വിശ്വാസ്യത നേടാൻ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടും.

ഇതിലൂടെ കുടുക്കാൻ കഴിയാത്തവരെ യഥാർഥ വ്യക്തിയുടെ ശബ്ദത്തിൽ സന്ദേശമയച്ചും ഫോണിൽ നേരിട്ടു വിളിച്ചും ബോധ്യപ്പെടുത്തി പണം ആവശ്യപ്പെടും. അതിനാൽ ഓൺലൈനിൽ ആശയവിനിമയം നടത്തുന്നതിന് മുൻപ് ആവർത്തിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. തന്ത്രപ്രധാന വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. അതിനാൽ സൈബർ തട്ടിപ്പിനെതിരെ മുൻകരുതലെടുക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.