ഹൈദരാബാദ്: പഞ്ചാബിനെ അനായാസം കീഴടക്കി ഹൈദരാബാദ് ഐപിഎല്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. പട്ടികയിലെ രണ്ടാം സ്ഥാനം രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരഫലം കൂടി ആശ്രയിച്ചിരിക്കും.
രാജസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ രണ്ടാമതെത്തും. 14-മത്സരങ്ങളില്‍ നിന്ന് 17-പോയന്റാണ് ഹൈദരാബാദിനുള്ളത്. 13-മത്സരങ്ങളില്‍ നിന്ന് 16-പോയന്റാണ് രാജസ്ഥാന്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള കൊല്‍ക്കത്ത ഇതിനോടകം ഒന്നാംസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്തെത്തുന്ന ടീം ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍മാര്‍ അഥര്‍വ ടൈഡേയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ ആറോവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 61-ലെത്തിച്ചു. 97-ല്‍ നില്‍ക്കേയാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അഥര്‍വ ടൈഡേയെ (46) നടരാജന്‍ പുറത്താക്കി. പിന്നീടിറങ്ങിയ റൈലി റൂസ്സോയും തകര്‍ത്തടിച്ചതോടെ ടീം സ്‌കോര്‍ 150-കടന്നു. പ്രഭ്‌സിമ്രാന്‍ 45-പന്തില്‍ നിന്ന് 71 റണ്‍സെടുത്തപ്പോള്‍ റൂസ്സോ 24-പന്തില്‍ നിന്ന് 49-റണ്‍സെടുത്തു. രണ്ട് റണ്‍സെടുത്ത ശശാങ്ക് സിങ് റണ്ണൗട്ടായി. അവസാനം ജിതേഷ് ശര്‍മയും(32)വെടിക്കെട്ട് നടത്തിയതോടെ ഇന്നിങ്‌സ് 214-ല്‍ അവസാനിച്ചു. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.
പഞ്ചാബ് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും(18 പന്തില്‍ 33) ചേര്‍ന്ന് അഞ്ചോവറില്‍ 72 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബിനെ ഞെട്ടിച്ചു. ത്രിപാഠിയെ ഹര്‍ഷല്‍ പട്ടേല്‍ മടക്കിയെങ്കിലും അടി തുടര്‍ന്ന അഭിഷേക് 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയടിച്ചശേഷം രണ്ട് സിക്സു കൂടി പറത്തി11-ാം ഓവറില്‍ അഭിഷേക് പുറത്തായെങ്കിലും അപ്പോഴേക്കും ഹൈദരാബാദ് സ്കോര്‍ 134ല്‍ എത്തിയിരുന്നു.
അഭിഷേക് മടങ്ങിയെങ്കിലും തകര്‍ത്തടിച്ച നിതീഷ്കുമാര്‍ റെഡ്ഡിയും(25 പന്തില്‍ 37) ഹെന്‍റിച്ച് ക്ലാസനും(26 പന്തില്‍ 42) ഹൈദരബാദിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. വിജയത്തിനരികെ ആദ്യം ഷഹബാസ് അഹമ്മദും(3) പിന്നീട് ക്ലാസനും(42) മടങ്ങിയെങ്കിലും അബ്ദുള്‍ സമദും(11*) സന്‍വീര്‍ സിംഗും(6*) ചേര്‍ന്ന് ഹൈദരാബാദിനെ 19.1 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തി.