അബുദാബി ∙ യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിൽ (നാഫിസ്) കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികൾക്കെതിരെ മാനവശേഷി സ്വദേശിവൽക്കരണം മന്ത്രാലയം നടപടി കടുപ്പിച്ചു. നിയമലംഘകരായ കമ്പനികൾക്ക് ഒരു ലക്ഷം ദിർഹം വരെ (22.67 ലക്ഷം രൂപ) പിഴ ചുമത്തിയതിനു പുറമെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികൾ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണം. നിലവിൽ 4% പൂർത്തിയാക്കി.
ഈ വർഷാവസാനത്തോടെ കമ്പനികളിലെ സ്വദേശികളുടെ അനുപാതം 6% ആക്കണം. 2026ഓടെ 10% സ്വദേശികൾക്ക് സ്വകാര്യമേഖലകളിൽ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. നിയമം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന തുടരും. നിലവിൽ 20,000 സ്വകാര്യ കമ്പനികളിലായി 97,000ത്തിലേറെ സ്വദേശികൾ ജോലി ചെയ്യുന്നു. നാഫിസ് പദ്ധതിക്കു മുൻപത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 170% വർധനയാണ് രേഖപ്പെടുത്തിയത്.
സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമം കാണിച്ച് 1379 കമ്പനികൾക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്. 2022 മുതൽ 2024 മേയ് 16 വരെ കാലയളവിലെ നിയമലംഘനമാണ് പിടികൂടിയത്.
തൊഴിൽ നിയമങ്ങൾ ലംഘിക്കുകയോ സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമം കാട്ടുകയോ ചെയ്യുന്ന കമ്പനിക്കെതിരെ മന്ത്രാലയത്തിലെ ആപ്പ്, വെബ്‌സൈറ്റ് മുഖേന, ഫോൺ നമ്പർ: 600 590000 വഴി പരാതിപ്പെടാം.