ഡൽഹി: കനത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 46° ക്ക് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ. താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി. നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്. ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി. ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്.
ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ ഉഷ്ണരോഗവും ഹീറ്റ് സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ശിശുക്കൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ ദുർബലരായ വ്യക്തികൾക്ക് ആരോഗ്യപരമായ ആശങ്കയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കാനും ഒആർഎസ് അല്ലെങ്കിൽ ലസ്സി, തോരണി (അരി വെള്ളം), നാരങ്ങ വെള്ളം, മോർ എന്നിവ പോലുള്ള ഭവനങ്ങളിൽ നിർമ്മിച്ച പാനീയങ്ങൾ ഉപയോഗിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.