പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ അജ്ഞാതരായ അക്രമികൾ നടത്തിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നാഷണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ അൽതാഫ് രജൗരിയും പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ ഉടനെ തന്നെ മെന്ദറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ നില ഗുരുതരമായതിനാല്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സുരക്ഷയിലുണ്ടായ വലിയ വീഴ്ച കാരണമാണ് ഈ ആക്രമണം ഉണ്ടായതെന്ന് മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ജാവേദ് റാണ ആരോപിച്ചു. ഇത്രയും സുരക്ഷയ്ക്കിടയിലാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെടുന്നതായും റാണ പറഞ്ഞു.
അന്ത്നാഗ് – രജൗരി പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മെയ് 7 മുതൽ 25 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി നിർത്തിവച്ചിരുന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ ഹുഫ്തിയാണ് മിയാൻ അൽത്താഫിന്റെ എതിരാളി.