ബംഗളൂരു: കേരളത്തിലേക്ക് രാസലഹരി കടത്തുന്ന വിദേശി പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് എറണാകുളം റൂറൽ എസ്പിയുടെ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്. പിന്നീട് ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്.
ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി തുക അയച്ചു കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം. ഇതാണ് ഇയാളുടെ രീതി.
കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസ ലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്ക്കെത്തിയത്.