ഭൂമിയിൽ വളരെ സർവസാധാരണമായി കാണപ്പെടുന്ന ജീവികളാണ് ചിലന്തികൾ. വീട്ടിലും നാട്ടിലും കാട്ടിലുമെല്ലാം നമ്മൾ സർവസാധാരണമായി ചിലന്തികളെ കാണുന്നു.എന്നാൽ
വെള്ളത്തിനടിയിലും വല കെട്ടുന്ന ഒരു ചിലന്തിവർഗമുണ്ട്. അതിന്റെ പേരാണ് ഡൈവിങ് ബെൽ സ്‌പൈഡർ. ഭൂമിയിൽ അദ്ഭുതകരമായ സവിശേഷതകളുള്ള ഒട്ടേറെ ജീവികളുണ്ട്. അക്കൂട്ടത്തിലെ ഒരദ്ഭുതജീവിയാണ് ഡൈവിങ് ബെൽ സ്‌പൈഡർ അഥവാ ആർഗൈറോനെറ്റ അക്വാട്ടിക. യൂറോപ്പ്, മധ്യ, നോർത്ത് അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലാണ് ഈ ചിലന്തി കാണപ്പെടാറുള്ളത്.
വിചിത്രമാണ് ഇതിന്‌റെ ശരീര സവിശേഷതകൾ. വെള്ളത്തിനടിയിൽ ജീവിക്കുന്നുണ്ടെങ്കിലും മീനുകൾക്കും മറ്റുമുള്ളതുപോലെ ശ്വസനാവയവമായി ചെകിളകൾ ഇവയ്ക്കില്ല. സമുദ്രത്തിലെ ചെടികൾക്കു ചുറ്റും ഇവ വലകൾ കെട്ടി ഒരു അറയുടെ ആകൃതിയുണ്ടാക്കും. തുടർന്ന് ഇവ ജലോപരിതലത്തിലേക്ക് പോയി അവിടെ നിന്നു വായു തങ്ങളുടെ രോമാവൃതമായ ശരീരത്തു ശേഖരിച്ച് ഈ അറയ്ക്കുള്ളിലേക്കു കൊണ്ടുവരും. ഇത്തരത്തിൽ വായു ശേഖരിച്ച് അറയ്ക്കുള്ളിൽ നിക്ഷേപിച്ച് നിക്ഷേപിച്ച് ഒരു എയർ ബബിൾ അഥവാ വായുകുമിള ഇവ നിർമിച്ചെടുക്കും. ഇതിനുള്ളിലാണ് ചിലന്തികൾ കഴിയുക.
സമയാസമയം പോലെ ഈ കുമിളയിലേക്ക് കൂടുതൽ വായു ഇവ എത്തിക്കും. ജലാന്തർഭാഗത്ത് താമസിക്കാൻ ഈ രീതി ഇവയെ അനുവദിക്കുന്നു. മനുഷ്യർ അന്തർവാഹിനികളിലും മറ്റും പ്രയോഗിച്ചിട്ടുള്ളതുപോലെയൊരു സാങ്കേതികരീതി. മറ്റു ചിലന്തികളെ അപേക്ഷിച്ച് മറ്റൊരു വ്യത്യാസം ഇവയിൽ കാണാം. ഈ വിഭാഗത്തിലെ ആൺചിലന്തികൾ പെൺചിലന്തികളേക്കാൾ വലുപ്പമുള്ളവയാണ്. സാധാരണഗതിയിൽ ഇതു നേരെ തിരിച്ചാണ്.ജലത്തിലുള്ള കീടങ്ങളെയും ചെറിയ ജീവികളെയുമൊക്കെയാണ് ഈ ചിലന്തികൾ ഭക്ഷിക്കുക. അതേസമയം ചില തവളകളും മത്സ്യങ്ങളും ഇവയെ ഭക്ഷിക്കുന്നു.