ഗുവാഹത്തി: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിന് ടോസ് വീണു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴമൂലം നാലു മണിക്കൂറോളം വൈകി തുടങ്ങുന്ന മത്സരം ഏഴോവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്.
മഴയില്‍ ഔട്ട് ഫീല്‍ഡ് കുതിര്‍ന്ന് കടക്കുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്കോറിംഗ് ബുദ്ധിമുട്ടാവും. മത്സരത്തിനിടെ വീണ്ടും മഴയെത്തിയാല്‍ മത്സരം അഞ്ചോവര്‍ വീതമായി വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. ടോസ് ഇട്ടതിന് പിന്നാലെ വീണ്ടും ചാറ്റല്‍ മഴ എത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിട്ടാല്‍ രാജസ്ഥാനും ഹൈദരാബാദിനും 17 പോയിന്‍റ് വീതമാകും. നെറ്റ് റണ്‍റേറ്റാകും രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുക. നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ ഹൈദരാബാദാണ് (+0.414) രാജസ്ഥാനെക്കാള്‍(+0.273) ഏറെ മുന്നിലുള്ളത്.
19 പോയിന്‍റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് ഇന്നത്തെ മത്സരംഫലം പ്രസക്തമല്ല. ക്വാളിഫയറും ആദ്യ എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും രണ്ടാം എലമിനേറ്ററും ഫൈനലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയതതിലുമാണ് നടക്കുക. 21നാണ് ആദ്യ ക്വാളിഫയര്‍. 22ന് ആദ്യ എലിമിനേറ്ററും 24ന് രണ്ടാം ക്വാളിഫയറും 26ന് ഫൈനലും നടക്കും.
മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രാജസ്ഥാന്‍ റോയല്‍സിന് സംബന്ധിച്ച് ഇന്നത്തെ മത്സരഫലം അതിനിര്‍ണായകമാണ്. കൊല്‍ക്കത്തക്കെതിരെ ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാനാവും.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ടോം കോഹ്‌ലർ-കാഡ്‌മോർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, സന്ദീപ് ശർമ, അവേഷ് ഖാൻ, നാന്ദ്രെ ബർഗർ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, അനുകുൽ റോയ്, മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, വരുൺ ചക്രവർത്തി