Sports

വീണ്ടും മഴ; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ടോസിന് ശേഷം ഉപേക്ഷിച്ചു; എലിമിനേറ്ററിൽ രാജസ്ഥാൻ-ആർസിബി പോരാട്ടം

ഗുവാഹത്തി: ഐപിഎല്ലിലെ നിര്‍ണായക മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം ടോസ് വീണ ശേഷം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത സമയത്ത് കനത്ത മഴമൂലം ടോസ് സാധ്യമായിരുന്നില്ല. പിന്നീട് രാത്രി പത്ത് മണിയോടെ മഴ മാറി. മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടിരുന്നു. ടോസിനു പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു. ഇതോടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാന്‍(+0.273) മൂന്നാം സ്ഥാനത്തായി.

19 പോയിന്‍റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് ഇന്നത്തെ മത്സരംഫലം പ്രസക്തമല്ല. ക്വാളിഫയറും ആദ്യ എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും രണ്ടാം എലമിനേറ്ററും ഫൈനലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയതതിലുമാണ് നടക്കുക. 21നാണ് ആദ്യ ക്വാളിഫയര്‍. 22ന് ആദ്യ എലിമിനേറ്ററും 24ന് രണ്ടാം ക്വാളിഫയറും 26ന് ഫൈനലും നടക്കും.