കിയവ്: യുക്രെയ്നിലെ ഖാർകിവിൽ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു.
20 മിനിറ്റ് ഇടവേളയിലെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ആൾനാശം. ആദ്യ സംഭവത്തിൽ അഞ്ചുപേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തേതിൽ അഞ്ചുപേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാർകിവിനെയും മറ്റു നഗരങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പാശ്ചാത്യൻ സഖ്യകക്ഷികളോട് അഭ്യർഥിച്ചു. യുക്രെയ്നെതിരായ യുദ്ധത്തിൽ സമീപ ആഴ്ചകളിൽ റഷ്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ട്. പലയിടത്തും യുക്രെയ്ൻ സേനക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
റഷ്യയിൽ, തെക്കൻ ക്രാസ്നോദർ മേഖലയിൽ റഷ്യൻ വ്യോമ പ്രതിരോധം ഒറ്റരാത്രികൊണ്ട് 57 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്ലാവ്യൻസ്‌ക്-ഓൺ-കുബാൻ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ ഇടിച്ചെങ്കിലും തീപിടുത്തമോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.