തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും 23 വരെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 22 വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും 22ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ടാണ്.
തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 31നു കേരളത്തിൽ എത്തുമെന്നാണു പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ.
ജാഗ്രത
- കുറഞ്ഞ സമയത്തിൽ വലിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽപ്രളയത്തിനും വെള്ളക്കെട്ടിനു സാധ്യതയുണ്ട്.
- മിന്നലും കാറ്റും ഉണ്ടായേക്കാം.
- വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖല എന്നിവിടങ്ങളിൽ വിനോദയാത്ര ഒഴിവാക്കണം.
- കേരളതീരത്തുനിന്നു മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിൽ പോകരുത്.
- എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ വിളിക്കാം.