കൊച്ചി: അവയവക്കച്ചവടത്തിനായി ആയിരത്തോളം ഇന്ത്യക്കാരെ വിദേശത്തേക്കു കടത്തിയ രാജ്യാന്തര മനുഷ്യക്കടത്തു റാക്കറ്റിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന മലയാളിയെ കേരള പൊലീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് പിടിയിലായത്.
വിദേശത്തേക്കു പോകാനായി നെടുമ്പാശേരിയിലെത്തിയ സബിത്തിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചന പിന്തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വ്യാജ ആധാർകാർഡും പാസ്പോർട്ടും നിർമിച്ച് ആൾമാറാട്ടം നടത്തിയാണ് അവയവം വിൽക്കാനുള്ളവരെ ഇറാനിലേക്കു കടത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണു റാക്കറ്റിന്റെ പ്രവർത്തനം. വ്യാജരേഖ നിർമിച്ച് ഇങ്ങനെ വിദേശത്തേക്കു പോയ പലരും തിരികെ വരാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണു കേന്ദ്ര ഏജൻസികൾ ശ്രദ്ധിച്ചത്.
അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് തന്നെയാണ് സൂചന.