തിരുവനന്തപുരം: ബസ് സർവീസ് റദ്ദാക്കിയാൽ ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകുമെന്നു കെഎസ്ആർടിസി വ്യക്തമാക്കി. കാലതാമസം നേരിട്ടാൽ ഉദ്യോഗസ്ഥനിൽനിന്നു പിഴ ഈടാക്കും. കെ.എസ്.ആർ.ടി.സിയുടെ പുതുക്കിയ ഓൺലൈൻ റിസർവേഷൻ നയത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചത്.
റോഡിലെ തിരക്ക്, കാലാവസ്ഥ പ്രശ്നങ്ങൾ എന്നിവ മൂലം അന്തർസംസ്ഥാന സർവിസുകൾ രണ്ടും മൂന്നും മണിക്കൂറുകൾ വൈകിയെത്തുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇത്തരം ഘട്ടത്തിൽ യാത്ര ഉപേക്ഷിച്ചാൽ നിലവിൽ റീ ഫണ്ടിന് അർഹതയില്ല. ഈ വ്യവസ്ഥയാണ് യാത്രക്കാർക്ക് ഉപകാരപ്പെടും വിധത്തിൽ ഇപ്പോൾ ഭേദഗതി ചെയ്തത്.
- 2 മണിക്കൂറിലധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് മുടങ്ങുകയോ മൂലം യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
- തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ സർവീസ് പൂർണമായി നടത്താതെ വന്നാൽ റീഫണ്ട് 2 ദിവസത്തിനകം നൽകും.
- കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നു പിഴയായി ഈ തുക ഈടാക്കും
- സാങ്കേതിക തകരാർ മൂലം ട്രിപ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ രേഖപ്പെടുത്താതെ യാത്ര മുടങ്ങിയാൽ മുഴുവൻ തുകയും തിരികെ നൽകും.
- നിശ്ചിത പിക്കപ് പോയിന്റിൽനിന്നു യാത്രക്കാരനെ ബസിൽ കയറ്റാതിരുന്നതിനു കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
- ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സർവീസ് സർവീസ് ഉപയോഗിച്ചെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെ നൽകും.
- ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതേ ബസിൽ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാൽ അടിസ്ഥാന നിരക്കിന്റെ 50 % റീഫണ്ട് ചെയ്യും.
വിവരങ്ങൾക്കും പരാതികൾക്കും: rsnksrtc@kerala.gov.in