തിരുവനന്തപുരം: ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. യൂണിവേഴ്സിറ്റി കോളജ്, സംസ്‌കൃത കോളജ്, ആർട്സ് കോളജ്, മോഡൽ സ്കൂൾ തുടങ്ങിയ സിപിഎമ്മിന്റെ സ്ഥിരം സമരകേന്ദ്രങ്ങളിൽ തന്നെയാണ് സമരക്കാർക്കു വിശ്രമവും ശുചിമുറിയും ഒരുക്കുക. എന്നാൽ, സോളർ സമരം തുടങ്ങുന്നതിനു മുൻപായി സമരകേന്ദ്രങ്ങൾ അടയ്ക്കുകയും കേന്ദ്ര സേനകളെ നിയോഗിക്കുകയും ചെയ്തു. കേരള പൊലീസിന്റെ നെഞ്ചത്തു കയറാൻ വരുന്ന സിപിഎമ്മുകാർ കേന്ദ്ര സേനയെ കണ്ടാൽ ഓടും.
ആദ്യദിവസത്തെ സമരം കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ശുചിമുറികൾ ഇല്ലാതെ വന്നു. കോളജുകൾ ഉണ്ടായിരുന്നെങ്കിൽ ഇതു പ്രശ്നമല്ലായിരുന്നു. പൊതുവഴികൾ ശുചിമുറികളാക്കിയപ്പോൾ ജനം സംഘടിച്ച് എതിർത്തു. അപ്പോഴാണ് ജുഡീഷ്യൽ കമ്മിഷൻ ആകാമെന്നു പിടിവള്ളി കിട്ടിയത്. അങ്ങനെയാണ് സമരം തീർന്നത് എന്നും സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.