കോഴിക്കോട് : കടയരികിൽ കയറിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. സ്‌കൂട്ടർ കേടായതിനാലാണ് റിജാസ് കടയിൽ കയറി നിന്നത്.
സംഭവത്തിൽ കെഎസ്‌ഇബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ രംഗത്തെത്തി. കെഎസ്‌ഇബിയുടെ അനാസ്ഥ കാരണമാണ് 19കാരൻ മരിച്ചതെന്നാണ് കടയുടമ പി മുഹമ്മദ് പറയുന്നത്. കടയുടെ തൂണിൽ ഷോക്കുണ്ടെന്നുള്ള കാര്യം കെഎസ്‌ഇബിയെ അറിയിച്ചിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. 19കാരൻ മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു.
കെഎസ്‌ഇബിയുടെ അനാസ്ഥയാണ് റിജാസിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു. ഇന്നലെ രാത്രി ഇവിടെ വന്ന മറ്റൊരാൾക്കും ഷോക്കേറ്റിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്. ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കാത്തതാണ് ഒരു ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു.
ഷോക്കേറ്റ് വിദ്യാർത്ഥികൾ മരണപ്പെട്ട നിരവധി മരണവാർത്തകൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. മേപ്പാടിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന് സമീപത്ത് നിന്നും ഷോക്കേറ്റ് തമിഴ്നാട് ദിണ്ടികലിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ബാലാജി (21) മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. താമരശ്ശേരി, ചുണ്ടകുന്നുമ്മൽ വീട്ടിൽ സി കെ ഷറഫുദ്ദീനാണ് (32) അറസ്റ്റിലായത്. ഇയാളുടെ പേരിൽ മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. സംഭവത്തിൽ മറ്റ് ചിലരെക്കൂടി അറസ്റ്റ് ചെയ്തേക്കുമെന്നും വിവരമുണ്ട്.
മാർച്ച് 24ന് രാത്രിയാണ് കൂട്ടുകാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിനിടെ ബാലാജിക്ക് ഷോക്കേറ്റത്. വയറിംഗ് തകരാർ പരിഹരിക്കാത്തതായിരുന്നു ഷോക്കേൽക്കാൻ കാരണം. ഇത് അപകടത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് വീട്ടിലെ വാട്ടർ പമ്പിന്റെ സ്വിച്ചിൽ നിന്നു ഷോക്കേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. പ്രതാപ് ചന്ദ്രന്റെയും ബിന്ദു പ്രതാപിന്റെയും മകൻ അർജുൻ പ്രതാപ് (14) ആണ് മരിച്ചത്. പമ്പിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതിനായി ഇരുമ്പ് ഗോവണിയിലൂടെ മുകളിലെ നിലയിൽ കയറിയ അർജുനനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പിതാവ് പോയി നോക്കിയപ്പോഴാണ് ഷോക്കേറ്റ് നിലത്ത് കിടക്കുന്നത് കണ്ടത്.
ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈയിൽ നനവോടെ സ്വിച്ചിൽ തൊട്ടപ്പോൾ ഷോക്കേറ്റതാകാമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ പഴയ വയറിംഗ് ആയതിനാൽ ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നും നിഗമനമുണ്ട്.