വൈകുന്നേരം ചായക്ക് എന്തെങ്കിലും സ്പെഷ്യൽ തയ്യറാക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിലിതാ ഒരു കിടിലൻ റെസിപ്പി. എളുപ്പത്തിൽ തയ്യറാക്കാവുന്ന ക്രിസ്പി പൊട്ടറ്റോ റിങ്‌സ് ആയാലോ? പേരിൽ സൂചിപ്പിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് ‘റിംഗ്’ പരുവത്തില്‍ ആക്കി പൊരിച്ചെടുക്കുന്നതാണ് ഈ സ്‌നാക്ക്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഉരുളക്കിഴങ്ങ് – രണ്ടെണ്ണം വേവിച്ച് ഉടച്ചുവച്ചത്
- റവ – കാല്‍ കപ്പ്
- ചില്ലി ഫ്‌ളേക്‌സ് – ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി – അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ എടുക്കാം
- ഒറിഗാനോ – ഒരു ടീസ്പൂണ്‍
- ബട്ടര്‍ – ആവശ്യത്തിന്
- കോണ്‍ഫ്‌ളോര്‍ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്‌ളേക്‌സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒന്ന് മൂപ്പിക്കണം. ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കാം. വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേർത്ത് വേവിക്കാം. റവ വെന്ത് വരുമ്പോള്‍ തീ കെടുത്തി തണുക്കാന്‍ മാറ്റിവയ്ക്കാം.
ഇത് തണുത്തുകഴിയുമ്പോൾ ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം. ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംഗ് ഘടനയില്‍ മുറിച്ചെടുക്കാം. അല്ലെങ്കില്‍ കൈകൊണ്ട് തന്നെ നീളത്തില്‍ ഉരുട്ടി അതിനെ യോജിപ്പിച്ച് റിംഗ് ഘടനയിലാക്കിയെടുക്കുകയോ ചെയ്യാം.
ഈ റിംഗുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളോര്‍ കൂടി വിതറിയിട്ട ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ഇനി ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് ചൂടോടെ തന്നെ പൊട്ടാറ്റോ റിംഗ്‌സ് കഴിക്കാം.