ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ایرانی صدر ابراہیم رئیسائی کا آخری سفر، ہیلی کاپٹر حادثے سے پہلے ڈیم کے فضائی دورے کی ویڈیو۔۔!!#Iran pic.twitter.com/LOn5h1Lsdq
— Khurram Iqbal (@khurram143) May 20, 2024
എയർക്രാഫ്റ്റിന്റെ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ചിരിക്കുന്ന ഇറാൻ പ്രസിഡന്റിനെ ദൃശ്യങ്ങളിൽ കാണാം. ഒപ്പം വിദേശകാര്യമന്ത്രിയും മറ്റ് സംഘാംഗങ്ങളും വീഡിയോയിലുണ്ട്. പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് എതിർവശത്തായാണ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളയിരിക്കുന്നത്.
അസർബൈജാനിൽ നിന്ന് പുറപ്പെട്ട് 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഹെലികോപ്റ്ററുമായുള്ള ബന്ധം അധികൃതർക്ക് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 16 മണിക്കൂറുകൾക്ക് ശേഷമാണ് കോപ്റ്റർ കണ്ടെത്തിയത്. അസർബൈജാൻ അതിർത്തിയിലെ പർവതച്ചെരുവിൽ കത്തിയെരിഞ്ഞ നിലയിലായിരുന്നു കോപ്റ്റർ.
ഇറാൻ പ്രസിഡന്റ് അപകടത്തിൽ മരിച്ചതോടെ രാജ്യത്തിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് ഏറ്റെടുത്തു. അടുത്ത 50 ദിവസത്തിനുള്ളിൽ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.