ജിദ്ദ : സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ പുലർച്ചെ 3.50ന് ജിദ്ദയിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യസംഘത്തിൽ ഉണ്ടാവുക. പുലർച്ചെ 12.05നാണ് സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും മറ്റു രണ്ടു വിമാനങ്ങൾ കൂടി ജിദ്ദയിലേക്കു പുറപ്പെടും. 26ന് കൊച്ചിയിൽനിന്നും ജൂൺ ഒന്നിന് കണ്ണൂരിൽനിന്നും ഹജ് വിമാനങ്ങൾ സർവീസ് ആരംഭിക്കും. ഇതേസമയം കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് സംഘങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദിയിൽ എത്തി തുടങ്ങിയിരുന്നു.
കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇന്ത്യയിൽനിന്ന് ജിദ്ദയിൽ എത്തിയ ആദ്യ വിമാനത്തിലെ ഹജ് തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ എന്നിവർ ചേർന്നു സ്വീകരിച്ചു. കേന്ദ്ര ഹജ് കമ്മിറ്റിക്കു കീഴിൽ ശ്രീനഗറിൽനിന്നുള്ള സംഘമാണ് ജിദ്ദയിൽ നേരിട്ടു വിമാനമിറങ്ങിയത്. ഇന്ത്യയിൽനിന്നുള്ള ആദ്യസംഘം ഹൈദരാബാദിൽനിന്ന് ഈ മാസം ആറിന് മദീനയിൽ എത്തിയിരുന്നു.