Saudi Arabia

വരും വർഷങ്ങളിൽ ഹജ്ജ് സീസണിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സൗദി

റിയാദ്: വരും വർഷങ്ങളിൽ ഹജ്ജ് സീസണിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സൗദി. ക്ലൗഡ് സീഡിങ് വിമാനങ്ങൾ വഴി ത്വാഇഫിലെ മേഘങ്ങളെ മക്കയിലേക്ക് എത്തിക്കും. പദ്ധതി പ്രാഥമിക ഘട്ടത്തിലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സൗദിയിലെ തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ത്വാഇഫ്. റീജിയണൽ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം എന്ന പേരിൽ സൗദിയിൽ മഴ വർധിപ്പിക്കാൻ നേരത്തെ തുടക്കമിട്ടിരുന്നു. ചൂടുള്ള പ്രദേശങ്ങളിൽ ആവശ്യാനുസരണം മഴ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി മഴ മേഘങ്ങളെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുക. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തണുപ്പുള്ള പ്രദേശങ്ങളിലെ മഴ മേഘങ്ങളെ മറ്റിടങ്ങളിലേക്ക് എത്തിക്കാനാകുമോ എന്നും കാലാവസ്ഥാ കേന്ദ്രം പരിശോധിക്കുന്നുണ്ട്. വിമാനങ്ങളുപയോഗിച്ച് മേഘങ്ങളെ ചൂടുള്ള പ്രദേശങ്ങളിലേക്കെത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ എത്രമാത്രം ഇത് പ്രായോഗികമാകുമെന്ന് അറിയില്ലെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

വ്യത്യസ്ത കാലാവസ്ഥകളുള്ള സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിമാനങ്ങളില്ലാതെ തന്നെ മേഘങ്ങളെ ചലിപ്പിക്കാനുള്ള സാങ്കേതിക വിദ്യകൾ നേടിയെടുക്കാൻ പഠനങ്ങൾ നടക്കുന്നുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം, ഗവേഷണം, കണ്ടുപിടുത്തങ്ങൾ എന്നിവ സാങ്കേതിക മേഖലയിൽ ഗുണപരമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.