ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. വിമാനത്താവളത്തിനുള്ളിലെത്തുന്ന യാത്രക്കാർക്ക് ആനന്ദിക്കാൻ കലാപരിപാടികൾ ഒരുക്കികൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ മാസം 15 മുതലാണ് പത്താം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്. ‘അടുത്ത അതുല്യമായ പത്തു വർഷങ്ങളിലേക്ക്’ എന്ന ടാഗ് ലൈനോടുകൂടിയാണ് വിമാനത്താവള ടെർമിനിലിനുള്ളിൽ യാത്രക്കാരെ വരവേൽക്കുന്നത്.
വിമാനത്താവളത്തിനുള്ളിലെ ഓർചാഡ്, വിവിധ ടെർമിനലുകൾ, ട്രാൻസിറ്റ് ഏരിയ എന്നിവടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആസ്വദിക്കാവുന്ന ഏഷ്യ, ആഫ്രിക്കൻ, യൂറോപ്പ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കലകാരാന്മാരുടെ പ്രകടനമാണ് ആകർഷകം. സൂഖ് അൽ മതാറിൽ പരമ്പരാഗത വാൾ നൃത്തവും സജീവമാണ്.
യാത്രകാരുടെ പ്രധാന മേഖലയായ ലാംപ് ബിയറിനരികിലായി മിനി മ്യൂസികൽ ഫെസ്റ്റിവലും ഡി.ജെയും ആഘോഷ അന്തരീക്ഷം പകരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തയാഴ്ചയാണ് പത്തു വയസ്സ് പൂർത്തിയാകുന്നത്.