ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ 56.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
വൈകുന്നേരം അഞ്ചുവരെയുള്ള പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ബിഹാര്‍ 52.35%, ജമ്മുകാഷ്മീര്‍ 54.21%, ജാര്‍ഖണ്ഡ് 61.90%, ലഡാക്ക് 67.15%, മഹാരാഷ്ട്ര 48.66%, ഒഡീഷ 60.55%, ഉത്തര്‍പ്രദേശ് 55.80%, പശ്ചിമബംഗാള്‍ 73.00%.
പോളിംഗ് ശതമാനത്തിൽ മുന്നിൽ പശ്ചിമബംഗാളും പിന്നിൽ മഹാരാഷ്ട്രയുമാണ്. കടുത്ത പോരാട്ടം നടക്കുന്ന അമേഠിയിൽ 52.68 ശതമാനവും റായ്ബറേലിയിൽ 56.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നോവിൽ 49.88 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.
രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഇന്നു ജനവിധി തേടുന്നത്.