ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ലെന്നും ഈ പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
പഠനറിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ക്കും ജേര്‍ണല്‍ എഡിറ്റര്‍ക്കും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ കത്തയച്ചു.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ. ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കോവാക്സിന് സ്വീകരിച്ച 926 പേരില്‍ പകുതി പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു പഠനം.
സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്സിന് എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തെന്നും പഠനത്തിലുണ്ട്.
പഠനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയും, പഠന റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ദരിച്ചത് നീക്കണമെന്നാവശ്യപ്പെട്ടും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്ക് കത്തയച്ചിരുന്നു. ഐസിഎംആര്‍ ഒരു തരത്തിലും ഈ പഠനവുമായി സഹകരിച്ചിട്ടില്ല. ഐസിഎംആറിനെ ഉദ്ധരിച്ചത് തെറ്റായിട്ടാണ്. പഠനം സംബന്ധിച്ച് അവ്യക്തതകള്‍ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ലെന്നും രാജീവ് ബാല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോവാക്സിന് സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ഈ പഠനത്തില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.