എല്ലാവരും ബ്രോസ്റ്റഡ് റെസിപ്പികളുടെ പിന്നാലെയാണ്. ബ്രോസ്റ്റഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ചിക്കൻ ആണ്. എന്നാൽ ചിക്കൻ ഉപയോഗിക്കാതെ ബ്രോസ്റ്റഡ് തയ്യാറാക്കുന്നത് എങ്ങനെ എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. കേട്ടിട്ട് ആശ്ചര്യം തോന്നുന്നുണ്ടോ?
അതേ പഴം ഉപയോഗിച്ചാണ് നമ്മൾ ഇന്ന് ബ്രോസ്റ്റ് തയ്യാറാക്കുന്നത്. പഴം കഴിക്കാൻ മടിയുള്ള നമ്മുടെ കുഞ്ഞുമക്കൾക്കും ബ്രോസ്റ്റഡ് രുചി അറിയാൻ താല്പര്യമുള്ള വെജിറ്റേറിയൻ ഭക്ഷണമിഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വളരെ തുച്ഛമായ ചേരുവകൾ ചേർത്തു കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ഇത് റെഡി ആക്കി എടുക്കാവുന്നതാണ്.
ബനാന ബ്രോസ്റ്റഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ചേരുവകൾ
പഴം – 5 എണ്ണം
ഗോതമ്പ് പൊടി- 2 കപ്പ്
കോൺഫ്ലവർ- 1 കപ്പ്
പഞ്ചസാര- 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി- 1/2 ടേബിൾ സ്പൂൺ
ഉപ്പ് വെള്ളം – ആവശ്യത്തിന്
ഹണി കോട്ടഡ് കോൺഫ്ലേക്സ് – 1 കപ്പ്
എണ്ണ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം രണ്ടായി നെറുകെ മുറിക്കാം. മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, ഗോതമ്പ് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.
ശേഷം നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനു ശേഷം കോൺഫ്ലേക്സിൽ പൊതിയുക. എല്ലാം ഇതേപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
സ്വാദിഷ്ടമായ ബനാന ബ്രോസ്റ്റഡ് റെഡി.