കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പോസ്റ്റര്‍ നശിപ്പിച്ചതിന് പിന്നാലെയാണിത്. പോസ്റ്റര്‍ നശിപ്പിച്ചതില്‍ റിപ്പോര്‍ട്ട് കൈമാറണമെന്നും സംസ്ഥാന നേതൃത്വത്തിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി മമത ബാനർജിയുടെ ഇൻഡ്യ സംഖ്യത്തോടുള്ള വിശ്വസ്തത ചോദ്യം ചെയ്ത ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ ഖാർഗെ അവഹേളിച്ചതിന് തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഖാർഗെയുടെ പോസ്റ്ററുകളും ഹോർഡിങുകളും മഷി ഉപയോഗിച്ച് വികൃതമാക്കിയത്.
ഇത്തരം പ്രവൃത്തികൾ ഗൗരവമായി കാണുന്നുവെന്നും അച്ചടക്കരാഹിത്യം പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
ഖാർഗെയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചിലർ അനാവശ്യ പരാമർശങ്ങൾ നടത്തിയതായി ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ ബിദാര്‍ ഭവനിലെ പാര്‍ട്ടി ആസ്ഥാനത്തിനത്തിനടുത്ത് ശനിയാഴ്ച്ചയായിരുന്നു ഖര്‍ഗെയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ തള്ളിപ്പറഞ്ഞതില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രജ്ഞന്‍ ചൗധരിയെ ഖര്‍ഗെ വിമര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.