എറണാകുളം: അവയവ കച്ചവടത്തിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് സാബിത്ത് പറഞ്ഞു. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചു. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട്.
ഇരകളായവർക്ക് നൽകിയത് ആറു ലക്ഷം രൂപ വരെയാണ്. ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തി. എന്നാൽ, പാസ്പോർട്ടുമായി ഇയാൾ ഒരു വർഷം മുൻപ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം. ഷമീർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഹൈദരാബാദ് ,ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള് മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണ് സബിത്ത് പൊലീസിന് നല്കിയ മൊഴി.
അവയവ കടത്തിനായി പ്രതി സബിത് നാസർ 20 പേരെയാണ് ഇറാനിൽ എത്തിച്ചത്. ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. ബാക്കിയുള്ളവർ 19 ഉത്തരേന്ത്യക്കാരാണ്. ഏറ്റവും ഒടുവിൽ 20 പേരെ വൃക്ക നൽകുന്നതിനായി എത്തിച്ചെന്നാണ് മൊഴി. കൂടുതലും സ്ത്രീകളാണ് സബിത്തിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളത്.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നതിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടർന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനിൽ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിർണായക മൊഴികൾ ലഭിച്ചത്.