ലണ്ടന്‍: യുകെയിലെ ബ്രൈറ്റണ് ആന്‍ഡ് ഹോവ് സിറ്റിക്ക് പുതിയ മേയര്‍. ലേബര്‍ പാര്‍ട്ടിയുടെ നേതാവും ബംഗ്ലാദേശ് വംശജനുമായ മുഹമ്മദ് അസദുസ്സമാനാണ് പുതിയ മേയര്‍. ബ്രൈറ്റണ് സിറ്റിയില്‍ മേയറാവുന്ന ആദ്യ ദക്ഷിണേഷ്യന്‍ മുസ്ലിമാണ് അസദുസ്സമാന്‍.
ബ്രൈറ്റണ് സിറ്റിയിലെ എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് അസദുസ്സമാന്‍ വോട്ട് ചെയ്തത്. ഹോളിംഗ്ഡീന് ആന്‍ഡ് ഫൈവ്വേയ്സ് വാര്‍ഡില്‍ നിന്നാണ് അസദുസ്സമാന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
‘നമ്മുടെ നഗരത്തിന്റെ അഭിവൃദ്ധിക്കായി ആഗ്രഹമുള്ള, ദയാലുവും സരസനും ഊഷ്മള ഹൃദയമുള്ള വ്യക്തിയുമാണ് മുഹമ്മദ് അസദുസ്സമാൻ’- കൗണ്‍സില്‍ നേതാവ് ബെല്ല സംഗി വിശേഷിപ്പിച്ചു. നഗരത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ഭൂമികയില്‍ തന്റെ അനുകമ്പയാര്‍ന്ന സ്വഭാവത്താല്‍ സ്വയം അടയാളപ്പെടുത്തിയ അസദുസ്സമാനെ മേയര്‍ എന്ന നിലക്ക് വളരെ പ്രതീക്ഷയോടെയാണ് ബ്രൈറ്റണ് സിറ്റി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.