ഡൽഹി: ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് അവധി. വിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്.
“2024-25 അധ്യയന വർഷത്തിൽ 11.05.2024 (ഞായർ) മുതൽ 30.06.2024 (ഞായർ) വരെ വേനൽക്കാല അവധി നൽകാൻ DoE-യിലെ എല്ലാ സ്‌കൂൾ മേധാവികളോടും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കടുത്ത ഉഷ്ണ തരംഗത്തിനിടയിലും ചില സർക്കാർ-എയ്ഡഡ്, അൺ എയ്ഡഡ് അംഗീകൃത സ്വകാര്യ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകളെല്ലാം വേനൽക്കാല അവധിക്ക് സ്കൂളുകൾ ഉടൻ തന്നെ അടച്ചിടാൻ നിർദ്ദേശിക്കുന്നു,” ,” ഡൽഹി സർക്കാരിൻ്റെ സർക്കുലറിൽ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കണക്കനുസരിച്ച്, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ അതിതീവ്ര ചൂടുള്ള വേനൽക്കാലം ഉണ്ടാകാൻ സാധ്യതയുണ്ട്. തിങ്കളാഴ്‌ച രാവിലെ സീസണിലെ ശരാശരിയേക്കാൾ മൂന്നിരട്ടി ഉയർന്ന് കുറഞ്ഞ താപനില 29.2 ഡിഗ്രി സെൽഷ്യസായി. ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസിൽ തുടരാനാണ് സാധ്യത. ഡൽഹി മാത്രമല്ല, തീവ്രമായ ഉഷ്ണ തരംഗം മൂലം പല അയൽ സംസ്ഥാനങ്ങളും നേരത്തെ തന്നെ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടുണ്ട് . അപകടകരമായ ഉയർന്ന താപനിലയിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് മുൻകരുതൽ നടപടി ലക്ഷ്യമിടുന്നത്.
ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.